കോന്നി: പ്രൗഢമായ പാരമ്പര്യവും ചരിത്രവുമുള്ള കോന്നി ആനത്താവളം കടുത്ത അനാസ്ഥയുടെയും അഴിമതിയുടെയും കേന്ദ്രമായി മാറുന്നുവെന്ന് വ്യാപക പരാതി. കാട്ടാനകളെ മെരുക്കുന്നതിലും പരിപാലിക്കുന്നതിലും പേരുകേട്ട വിനോദസഞ്ചാര കേന്ദ്രം, വനം വകുപ്പിന്റെ അനാസ്ഥയിൽ പ്രതിദിനം നാശത്തിലേക്ക് കൂപ്പുകുത്തുകയാണ്.
ആനപരിപാലനത്തിലെ വീഴ്ചകളും ഡോക്ടർമാരുടെ അഭാവവും ആനകളെ പരിപാലിക്കുന്നതിൽ ഗുരുതരമായ വീഴ്ചകളാണ് ആനത്താവളത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ശാസ്ത്രീയ പരിശീലനം ലഭിച്ച പാപ്പാൻമാരുടെ കുറവും അടിയന്തര സാഹചര്യങ്ങളിൽ പരിചരിക്കാൻ വിദഗ്ധരായ വനംവകുപ്പ് മൃഗഡോക്ടർമാരുടെ അഭാവവും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
അടുത്തയിടെ ഒരു ആനക്കുട്ടി ചരിഞ്ഞതും പാപ്പാൻ മരണപ്പെട്ടതും പ്രദേശത്തെ സുരക്ഷാ സജ്ജീകരണങ്ങളുടെയും പരിചരണത്തിന്റെയും ദാരുണമായ അവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നു. സഞ്ചാരികൾക്കായി വലിയ കാഴ്ചകളോ അടിസ്ഥാന സൗകര്യങ്ങളോ ഒരുക്കാതെയാണ് ടിക്കറ്റ് ഇനത്തിൽ വലിയ തുക ഈടാക്കുന്നത്. കൂടാതെ, വനംവകുപ്പിന്റെ ഇക്കോ ഷോപ്പുകൾ വഴി ഗുണനിലവാരമില്ലാത്ത തേനും മറ്റ് ഉത്പന്നങ്ങളും വിൽക്കുന്നതായും സഞ്ചാരികൾ പരാതിപ്പെടുന്നു.
സ്ഥിരം ഡ്യൂട്ടിയും അനാവശ്യ നിയമനങ്ങളും
വനംവകുപ്പ് ഉദ്യോഗസ്ഥരെ നിശ്ചിത ഇടവേളകളിൽ സ്ഥലംമാറ്റാതെ, ചിലരെ മാത്രം സ്ഥിരമായി ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് അഴിമതിക്കും വഴിവിട്ട ഇടപാടുകൾക്കും കളമൊരുക്കുന്നുണ്ട്. കാര്യമായ കാഴ്ചകളോ ജോലികളോ ഇല്ലാത്ത ഈ കേന്ദ്രത്തിൽ അനാവശ്യമായി ജീവനക്കാരെ തിരുകിക്കയറ്റി സർക്കാർ ധനം പാഴാക്കുകയാണെന്നും ആക്ഷേപമുണ്ട്.
രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സ്വന്തം താല്പര്യങ്ങൾക്ക് മുൻഗണന നൽകുന്നതോടെ കോന്നി ആനത്താവളത്തിന്റെ തകർച്ച പൂർണമാകുന്നു. ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും വഴിവിട്ട ബന്ധങ്ങൾ കാരണം പ്രദേശത്തെ സാമൂഹ്യ സംഘടനകൾക്ക് പോരായ്മകൾക്കെതിരേ കൃത്യമായി ഇടപെടാനോ പ്രതികരിക്കാനോ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്.
ചരിത്രപ്രസിദ്ധമായ കോന്നി ആനത്താവളത്തെ പൂർണ തകർച്ചയിൽ നിന്നു രക്ഷിക്കാൻ അടിയന്തരമായി വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമെന്നും, സുരക്ഷയും മികച്ച പരിചരണവും ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾ തയാറാകണമെന്നുമാണ് നാട്ടുകാരുടെയും സഞ്ചാരികളുടെയും ആവശ്യം. അടുത്തിടെ ഒരു ആനക്കുട്ടി കൂടി ചരിഞ്ഞതോടെ, കേന്ദ്രത്തിലെ ആനപരിപാലനവും സുരക്ഷയും ശരിയായ രീതിയിൽ അല്ല എന്നും പരാതികൾ ഉയർന്നിട്ടുണ്ട്.
ഭീതിജനകമായ ഹെർപ്പസ് വൈറസ് ബാധയാണ് ആനകളുടെ മരണത്തിന് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും ആനത്താവളത്തിലെ ദയനീയമായ ശുചിത്വമില്ലായ്മയും പരിചരണത്തിലെ വീഴ്ചയുമാണ് രോഗം പടരാൻ ഇടയാക്കിയതെന്ന ആക്ഷേപം ശക്തമാണ്.
വികസന പദ്ധതികൾ അട്ടിമറിച്ചു
സർക്കാർ പണം വിനിയോഗിച്ച് അനാവശ്യമായി കെട്ടിടങ്ങൾ നിർമിച്ചു കൊള്ളയടിക്കുന്ന കേന്ദ്രമായി കോന്നി ആനക്കൂട് മാറിക്കഴിഞ്ഞു.ആനപ്പിണ്ടത്തിൽ നിന്ന് പേപ്പർ നിർമിക്കാൻ ലക്ഷങ്ങൾ ചെലവഴിച്ച് കെട്ടിടവും യന്ത്ര സാമഗ്രികളും വാങ്ങി സ്ഥാപിച്ച പദ്ധതി നിലച്ചിട്ടു വർഷങ്ങളായി. നിലവിൽ ലക്ഷക്കണക്കിന് രൂപയുടെ യന്ത്രങ്ങൾ തുരുമ്പെടുത്ത് നശിക്കുകയാണ്.സാംസ്കാരിക വകുപ്പിനായി മ്യൂസിയം നിർമിക്കാനെന്ന പേരിൽ ലക്ഷങ്ങൾ പൊടിച്ചതല്ലാതെ പൊതുജനങ്ങൾക്ക് ഒരു പ്രയോജനവും ലഭിച്ചിട്ടില്ല.
വനവിഭവ ഉത്പാദന, വിപണന കേന്ദ്രവും അവഗണനയിലാണ്. വനവിഭവങ്ങളുടെ നിർമാണത്തിനും വില്പനയ്ക്കുമായി കോടികൾ മുടക്കി നിർമിച്ച കെട്ടിടങ്ങൾ ഇന്ന് ഉപയോഗശൂന്യമായിരിക്കുകയാണ്.സഞ്ചാരികൾക്കിടയിൽ ഏറെ ജനപ്രീതി നേടിയിരുന്ന കോന്നിയിൽ നിന്നുള്ള ഗവി സഫാരി യാത്രയും അട്ടിമറിക്കപ്പെട്ടു. കൃത്യമായ പ്ലാനിംഗോ ഉദ്യോഗസ്ഥരുടെ താല്പര്യമോ ഇല്ലാത്തതിനാൽ ഈ സർവീസ് നിലച്ചമട്ടാണ്. ഇത് വിനോദസഞ്ചാര മേഖലയ്ക്കും പ്രദേശത്തെ വ്യാപാരികൾക്കും വൻ തിരിച്ചടിയായി.
കോടികളുടെസർക്കാർ ഫണ്ട് കെട്ടിട നിർമാണത്തിന്റെ പേരിൽ തട്ടിയെടുക്കുകയും മൃഗങ്ങളെ രോഗത്തിനും മരണത്തിനും വിട്ടുനൽകുകയും ചെയ്യുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരേ സമഗ്രമായ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാകുകയാണ്.
ആനയെ ഒരേ ഇടത്തിൽ തളച്ചിട്ട് ഒരു മാസം
ആനകൾക്ക് ആവശ്യത്തിന് വ്യായാമോ ചലനസ്വാതന്ത്ര്യമോ നൽകാതെ, ദിവസങ്ങളോളം ഒരേ സ്ഥലത്ത് തന്നെ മുന്പിൽ കാലുകൾ കട്ടികൂടിയ ചങ്ങലകളിൽ ബന്ധിച്ച് നിർത്തിയിരിക്കുകയാണ്. സ്വാഭാവികമായ രീതിയിൽ നടക്കാനോ വെള്ളത്തിൽ ഇറങ്ങാനോ അനുവദിക്കാതെ ആനകളെ ലയം പോലെ ഒരിടത്ത് തന്നെ നിർത്തിയിടുന്നത് അവയിൽ കടുത്ത മാനസിക, ശാരീരിക സമ്മർദ്ദമുണ്ടാക്കുന്നുണ്ടെന്ന് മൃഗസ്നേഹികൾ ചൂണ്ടിക്കാണിക്കുന്നു.